മോഹൻലാൽ അമ്മയുടെ പ്രസിഡന്‍റ്, ഉണ്ണി മുകുന്ദൻ ട്രഷറർ



മലയാളത്തിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാലിന് മൂന്നാം തവണയും ഊഴം. മോഹൻലാലിനെതിരെ മൽസരിക്കാൻ മൂന്ന് പേർ പത്രിക നൽകിയെങ്കിലും അംഗങ്ങളുടെ ശക്തമായ എതിർപിൽ അവർ പിന്മാറുകയാണ് ഉണ്ടായത്. ട്രഷറർ സ്ഥാനത്ത് ഉണ്ണിമുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കടക്കം ഇതോടെ മത്സരം ഉറപ്പായി.

അമ്മയുടെ കഴിഞ്ഞ ഭരണസമിതിയിലും ഉണ്ണി മുകുന്ദന്‍ അംഗമായിരുന്നു. സിദ്ദിഖിന്റെ പിന്‍ഗാമി ആയാണ് ഉണ്ണി ട്രഷറര്‍ പദവിയിലേക്ക് എത്തിയിരിക്കുന്നത്. മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് ആയി എത്തുന്നത്. കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവരാണ് നാമനിർദേശ പത്രിക നൽകിയിരുന്നത്. എന്നാൽ ശക്തമായ സമ്മർദ്ദത്തിൽ ഇവർ പത്രിക പിൻവലിക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നതായിരിക്കും നല്ലതെന്നായിരുന്നു oru വിഭാഗം ഉന്നയിച്ച ആവശ്യം.

ജനറല്‍ സെക്രട്ടറി, ജോയിന്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നീ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കുന്നുണ്ട്. ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും കുക്കു പരമേശ്വരന്‍, സിദ്ദീഖ്, ഉണ്ണി ശിവപാല്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നു. ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമാണ് മത്സര രംഗത്ത് ഉള്ളത്.

പതിനൊന്ന് അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനന്യ, അന്‍സിബ, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവരും നാമനിര്‍ദേശപത്രിക നല്‍കിയിരിക്കുകയാണ്.

No comments