ജീവിതത്തില്‍ മീന്‍കച്ചവടക്കാരനായി ശ്രീനിവാസന്‍; ഉദ്ഘാടനം ചെയ്ത് സലിം കുമാര്‍

ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പിന്നാലെ രാസവസ്തുക്കള്‍ ചേര്‍ക്കാത്ത മല്‍സ്യവും വിപണിയിലെത്തിച്ച് നടന്‍ ശ്രീനിവാസന്‍. തൃപ്പൂണിത്തുറ കണ്ടനാടാണ് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള മല്‍സ്യ വില്‍പനകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. കടയുടെ ഉദ്ഘാടനം നടന്‍ സലിംകുമാര്‍ നിര്‍വഹിച്ചു. രാസവസ്തുക്കളും വിഷാംശങ്ങളുമില്ലാത്ത ശുദ്ധമായ മല്‍സ്യം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ജീവനുള്ള മല്‍സ്യങ്ങളും ഈ കടയില്‍ നിന്ന് ലഭിക്കും.
കണ്ടനാട് തുടങ്ങിയ ഉദയശ്രീ ജൈവ കാര്‍ഷിക വിപണന കേന്ദ്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് നല്ല മത്സ്യങ്ങളും വിപണിയില്‍ എത്തിക്കാന്‍ ആലോചിച്ചതെന്ന് ശ്രീനിവാസന്‍ പറഞ്ഞു. രണ്ട് പതിറ്റാണ്ടോളമായി മല്‍സ്യകൃഷിയില്‍ സജീവമാണെങ്കിലും മല്‍സ്യവിപണനരംഗത്തേക്ക് തല്‍ക്കാലമില്ലെന്നാണ് സലിംകുമാറിന്റെ നിലപാട്.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഇരുവരും തയാറായില്ല. അതും മീന്‍ കച്ചോടവുമായിട്ട യാതൊരു ബന്ധവുമില്ലെന്നാണ് ചിരിയോടെ സലിം കുമാര്‍ പറഞ്ഞത്. കറുത്തവസ്ത്രം ധരിച്ച് കോളജില്‍ പരിപാടിക്ക് പോയതിനെത്തുടര്‍ന്നുണ്ടായ വിവാദം ഓര്‍മിപ്പിച്ചപ്പോള്‍ അത് മനപൂര്‍വ്വം സംഭവിച്ചതല്ലെന്നും അറിയാതെ കറുത്ത ഷര്‍ട്ട് ഇട്ടുപോയതെന്നുമാണ് സലിം കുമാര്‍ പ്രതികരിച്ചത്.

No comments