മമ്മൂട്ടിയുടെ മാമാങ്കം വീണ്ടും വിവാദത്തില്‍; ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നുവെന്ന് ഉണ്ണി മുകുന്ദന്‍, തനിക്കറിയില്ലെന്ന് സംവിധായകന്‍

മമ്മൂട്ടി നായകനായെത്തുന്ന ചരിത്ര സിനിമ മാമാങ്കത്തില്‍ നിന്ന്് ക്വീന്‍ ഫെയിം ധ്രുവനെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു. അതിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പേ ഇപ്പോഴിതാ മറ്റൊരു വിവാദം രൂപപ്പെട്ടിരിക്കുകയാണ്. ധ്രുവനെ ചിത്രത്തില്‍ ഒഴിവാക്കിയതിനു പിന്നാലെ ചിത്രത്തില്‍ പകരക്കാരനായി ഉണ്ണി മുകുന്ദന്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് ഉണ്ണി മുകുന്ദന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ താന്‍ മാമാങ്കത്തിന്റെ ഭാഗമാകുന്നുവെന്ന പ്രഖ്യാപനം നടത്തി.
എന്നാല്‍ ഉണ്ണി മുകുന്ദനുമായി താന്‍ ഒരു തരത്തിലുമുളള ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും ഉണ്ണിയുടെ വരവ് തന്റെ അറിവോടെയല്ലെന്നും സംവിധായകന്‍ സജീവ് പിളള പറഞ്ഞു. . 2019ല്‍ മാമാങ്കത്തിന്റെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തന്റെ ഈ വര്‍ഷത്തെ രണ്ടു പ്രധാന ചിത്രങ്ങളില്‍ ഒന്ന് ചോക്ലേറ്റും മറ്റേതു മാമാങ്കവും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഉണ്ണി. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും. എന്നാല്‍ ഉണ്ണി മുകുന്ദന്‍ മാമാങ്കത്തില്‍ എത്തുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് നടന്‍ ധ്രുവന്‍ പറഞ്ഞു.
പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളിയാണ് മാമാങ്കത്തിന്റെ നിര്‍മാതാവ്. ചിത്രത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കര്‍ഷകനായും സ്‌ത്രൈണ ഭാവത്തിലായും നാല് ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 35 മിനിറ്റിലധികം നേരം സ്‌ത്രൈണ ഭാവത്തില്‍ പ്രത്യക്ഷപ്പെടുമെന്നും നിര്‍മ്മാതാവ് വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തൊനേഷ്യയിലും ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കും.
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ അഭിമാനചിത്രങ്ങളായ ബാഹുബലി 2, മഗധീര, ഈച്ച തുടങ്ങിയ സിനിമകളുടെ വി എഫ് എക്സ് ജോലികള്‍ നിര്‍വഹിച്ച ആര്‍ സി കമലാകണ്ണനാണ് മാമാങ്കത്തിന്റെയും വി എഫ് എക്സ് ചെയ്യുന്നത്. വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ശിഷ്യനാണ് ചിത്രത്തിന്റെ സംവിധായകനായ സജീവ് പിള്ള.

No comments